News

ഇന്ത്യൻ നാവികസേനയുടെ കപ്പലുകള്‍ മസ്‌കത്തിലെത്തി.

ഒമാൻ:പരിശീലനത്തിനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകള്‍ മസ്‌കത്തിലെത്തി. ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയ്നിങ് സ്ക്വാഡ്രന്റെ (1ടി.എസ്) ഭാഗമായ ടിർ, ഷാർദുല്‍, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് വീര എന്നീ കപ്പലുകളാണ് കഴിഞ്ഞദിവസം മസ്കത്തിലെത്തിയത്.

ബുധനാഴ്ചവരെ ഒമാനിലെ റോയല്‍ നേവിയുമായി വിവിധ പരിശീലന പ്രവർത്തനങ്ങളിലേർപ്പെടും. കടല്‍ സുരക്ഷയുടെയും പരസ്പര പ്രവർത്തനക്ഷമതയുടെയും വിവിധ വശങ്ങള്‍, തുറമുഖ ഇടപെടലുകളും സംയുക്ത അഭ്യാസങ്ങള്‍, ഇരു നാവികസേനകളും തമ്മിലുള്ള പരിശീലന കൈമാറ്റങ്ങള്‍, പ്രഫഷനല്‍ ഇടപെടലുകള്‍, സൗഹൃദ കായിക മത്സരങ്ങള്‍ എന്നിവയും പരിശീലനത്തിന്‍റെ ഭാഗമായുണ്ടാകും.

പരിശീലനം ഇന്ത്യയും ഒമാനും തമ്മിലുള്ള സമുദ്രമേഖലയില്‍ നിലവിലുള്ള പ്രതിരോധ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണണെന്ന് ഇന്ത്യൻ നാവികസേന വാർത്താകുറപ്പില്‍ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മസ്‌കത്തിലേക്ക് 1ടി.എസ് നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണിത്. നാവിക സഹകരണത്തിലെ നേട്ടങ്ങള്‍ ഏകീകരിക്കുന്നതിലും ഇരു നാവികസേനകള്‍ക്കിടയിലും നിലവിലുള്ള പങ്കാളിത്തം നിലനിർത്തുന്നതിലും സന്ദർശനം പ്രധാന പങ്കാണ് വഹിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി, ദക്ഷിണ നേവല്‍ കമാൻഡിലെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് സുല്‍ത്താനേറ്റില്‍ ഔദ്യോഗിക സന്ദർശനം നടത്തി.

സുല്‍ത്താൻ ആംഡ്ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറല്‍ അബ്ദുല്ല ബിൻ ഖമീസ് ബിൻ അബ്ദുല്ല അല്‍ റൈസി, ഒമാൻ റോയല്‍ നേവി കമാൻഡർ റിയർ അഡ്മിറല്‍ സെയ്ഫ് ബിൻ നാസർ ബിൻ മുഹ്‌സിൻ അല്‍ റഹ്ബി എന്നിവരുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്തും. ഒമാനിലെ പ്രധാന പ്രതിരോധ, പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.

STORY HIGHLIGHTS:Indian Navy ships reach Muscat.

Related Articles

Back to top button