
2025-26 കാർഷിക സീസണിലെ ഗോതമ്പ് വിളവെടുപ്പിന് വടക്കൻ ഷർഖിയ ഗവർണറേറ്റിലെ മുദൈബിയില്‍ ഔദ്യോഗിക തുടക്കമായി.
കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും പിന്തുണയിലുമാണ് ഇത്തവണത്തെ വിളവെടുപ്പ് നടക്കുന്നത്. പ്രാദേശിക ഭക്ഷ്യ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി കർഷകർക്ക് മന്ത്രാലയം വലിയ തോതിലുള്ള പിന്തുണയാണ് നല്‍കുന്നതെന്ന് വടക്കൻ ഷർഖിയ കാർഷിക-മത്സ്യബന്ധന-ജലവിഭവ ഡയറക്ടറേറ്റ് ജനറല്‍ എൻജിനീയർ ഹമദ് ബിൻ റാഷിദ് അല്‍ സവായ് പറഞ്ഞു.
നവംബർ മാസത്തില്‍ വിത്തിടുകയും ഏപ്രില്‍ മാസത്തില്‍ വിളവെടുപ്പ് നടത്തുകയും ചെയ്യുന്ന രീതിയിലാണ് ഒമാനിലെ ഗോതമ്പ് കൃഷി ക്രമീകരിച്ചിരിക്കുന്നത്. സബ്‌സിഡി നിരക്കില്‍ ഗുണമേന്മയുള്ള വിത്തുകള്‍ നല്‍കുന്നതിനൊപ്പം ആധുനിക കാർഷികോപകരണങ്ങളും മന്ത്രാലയം കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. മുദൈബിയിലെ എട്ടേക്കറിലധികം വരുന്ന കൃഷിഭൂമിയില്‍ പ്രധാനമായും ‘വാദി ഖര്യത്ത് 226’, ‘വാദി ഖര്യത്ത് 110’ എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.
ഏറ്റവും പ്രശസ്തമായ ‘കൗലി’ ഇനത്തിന് പുറമെ അല്‍-സരിയ, അല്‍-മിസാനി, അല്‍-ഹമിറ, അല്‍-ജുറൈദ തുടങ്ങിയ നിരവധി ഗോതമ്പ് ഇനങ്ങള്‍ ഒമാനില്‍ വിജയകരമായി കൃഷി ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജലസേചനം, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയില്‍ കർഷകർക്ക് കൃത്യമായ മാർഗനിർദേശങ്ങള്‍ നല്‍കുന്നതിലൂടെ മികച്ച വിളവ് നേടാനായെന്നും അല്‍ സവായ് കൂട്ടിച്ചേർത്തു.

Story Highlights:Wheat harvest begins in Oman; Mudaibi brings new hope for food security



