മസ്കറ്റ്-കണ്ണൂര്‍ ഇൻഡിഗോ സര്‍വീസ് മെയ് പതിനഞ്ചിനു ശേഷം ആരംഭിച്ചേക്കും

ഒമാൻ:വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന മസ്കറ്റ്-കണ്ണൂർ സർവീസ് മെയ് മാസം പകുതി മുതല്‍ ആരംഭിക്കുമെന്ന് സൂചന.

കഴിഞ്ഞ മാസം ഇരുപതിന് ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയി. സേവനം ആരംഭിക്കുന്ന തീയതി വിമാന കമ്ബനി അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും മെയ് 15 മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് കാണിക്കുന്നുണ്ട്. അന്നുമുതലാവും സർവീസ് ആരംഭിക്കുകയെന്നാണ് ട്രാവല്‍ ഏജന്റുമാരും പറയുന്നത്..


സീസണ് അല്ലാത്തതിനാല്‍ ഈമാസം യാത്രക്കാർ കുറവായത് കാരണമായിരിക്കും സർവീസ് ആരംഭിക്കാൻ വൈകുന്നതെന്നാണ് ട്രാവല്‍ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ആഴ്ചയില്‍ മൂന്നു സർവീസുകളാണ് കേരള സെക്ടറില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മെയ് പതിനഞ്ചു മുതല്‍ വെബ്സൈറ്റില്‍ സർവീസ് കാണിക്കുന്നുണ്ട്. അന്നേദിവസം മുതലുള്ള മസ്കറ്റ്-കണ്ണൂർ-മസ്കറ്റ് വിമാനങ്ങള്‍ക്ക് ഉയർന്ന ടിക്കറ്റ് നിരക്കാണ് വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരു സെക്ടറുകള്‍ക്കുമിടയില്‍ ഇൻഡിഗോ സർവീസ് നടത്തുക.


മസ്കറ്റില്‍നിന്ന് പുലർച്ചെ 3.35-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം സമയം രാവിലെ 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് രാത്രി 12.40-ന് പുറപ്പെട്ട് ഒമാൻ സമയം പുലർച്ചെ 2.30-ന് മസ്കറ്റില്‍ എത്തുന്ന വിധമാണ് സർവീസ്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാർക്കും ഇൻഡിഗോ പ്രഖ്യാപിച്ച ബജറ്റ് വിമാനം ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
STORY HIGHLIGHTS:Muscat-Kannur Indigo service may start after May 15