Event

ഒമാൻ കേരള വിഭാഗം യുവജനോത്സവ മത്സരങ്ങള്‍ക്ക് തിരശീല വീണു

ഒമാൻ:മസ്കറ്റിൽ കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലായി (ഏപ്രില്‍ 24-25, മെയ് 2-3) ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ക്ലബ്ബ് ഹാളുകളിലായി നടന്ന കേരള വിഭാഗം യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള കലാ മത്സരങ്ങള്‍ സമാപിച്ചു.

കുട്ടികളും മുതിർന്നവരുമായി ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ എണ്ണൂറിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച ഉത്സവം കാണാൻ രക്ഷിതാക്കളും അധ്യാപകരും മറ്റുമായി ആയിരക്കണക്കിന് പേരാണ് എത്തിയത്. സബ്ബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി എഴുപതിലേറെ ഇനങ്ങളില്‍ ആണ് കലാമത്സരങ്ങള്‍ നടന്നത്.

2001 മുതുല്‍ കേരള വിഭാഗം നടത്തി വരുന്ന യുവജനോത്സവ മത്സരങ്ങള്‍ക്ക് ഒമാനിലെ പൊതു സമൂഹത്തില്‍ വലിയ സ്വീകാരികതയാണുള്ളത് എന്ന് വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പങ്കാളിത്തം. 90 ല്‍ അധികം മത്സരാർത്ഥികള്‍ ഒരു ഇനത്തില്‍ പങ്കെടുത്ത മത്സരഇനങ്ങള്‍ വരെ ഈ വർഷം ഉണ്ടായിരുന്നു.
ഒപ്പന, കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയവയില്‍ ഈ വർഷം മികച്ച മത്സരങ്ങള്‍ നടന്നു. രാവിലെ 9 മണി മുതല്‍ വിവിധ വേദികളില്‍ അരങ്ങേറിയ കലാമത്സരങ്ങള്‍ രാത്രി ഏറെ വൈകും വരെ നീണ്ടുനിന്നു..

അവരവരുടെ മേഖലകളില്‍ പ്രാവീണ്യവും വൈദഗ്ധ്യവും തെളിയിച്ച അറിയപ്പെടുന്ന കലാകാരൻമാരാണ് മത്സരങ്ങള്‍ക്ക് വിധികർത്താക്കളായി വന്നത്. മത്സരങ്ങളുടെ അവസാനദിവസം നടന്ന സമാപനചടങ്ങില്‍ വിധികർത്താക്കള്‍ക്കുള്ള കേരള വിഭാഗത്തിന്റെ സ്നേഹോപഹാരം കണ്‍വീനർ അജയൻ പൊയ്യാറ സമ്മാനിച്ചു.



ഇത്രയും ശക്തമായ മത്സരം നാട്ടിലെ യുവജനോത്സവ വേദികളില്‍ വരെ കാണാൻ കഴിഞ്ഞിട്ടില്ല എന്ന് വിധികർത്താക്കള്‍ സമാപന ചടങ്ങില്‍ വച്ച്‌ പറയുകയുണ്ടായി.യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങള്‍ അടുത്തു തന്നെ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികള്‍ അറിയിച്ചു.

STORY HIGHLIGHTS:Oman Kerala Youth Festival Competitions close

Related Articles

Back to top button