News

വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്കും രേഖകളില്‍ കൃത്രിമം കാണിക്കുന്നവർക്കും ശിക്ഷ

ഒമാൻ:ഒമാനിലെ വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്കും രേഖകളില്‍ കൃത്രിമം കാണിക്കുന്നവർക്കും ജയില്‍ ശിക്ഷ ഉള്‍പ്പെടെ 20,000 റിയാല്‍ വരെ പിഴ ചുമത്തും.

ഉയർന്ന വരുമാനമുള്ളവരില്‍നിന്ന് വ്യക്തിഗത ആദായ നികുതി ചുമത്തുന്ന നിയമം 2028 ജനുവരി മുതലാണ് രാജ്യത്ത് പ്രാബല്യത്തിലാവുക. 42,000 റിയാലില്‍ കൂടുതല്‍ വാർഷിക വരുമാനമുള്ളവരില്‍നിന്ന് അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുക.‌

കൃത്യസമയത്ത് റിട്ടേണുകള്‍ സമർപ്പിക്കാതെ മനഃപൂർവ്വം വൈകിക്കല്‍, നികുതി അധികാരികളുടെ അഭ്യർത്ഥനകള്‍ അവഗണിക്കല്‍, അല്ലെങ്കില്‍ നികുതി അടക്കാതിരിക്കല്‍ എന്നിവർക്ക് നിയമത്തിലെ ആർട്ടിക്കിള്‍ 65 പ്രകാരം, 1,000 മുതല്‍ 5,000 റിയാല്‍വരെ പിഴ ചുമത്തും.

തെറ്റായ പ്രഖ്യാപനങ്ങള്‍ സമർപ്പിക്കല്‍, നികുതി സംബന്ധമായ രേഖകകളില്‍ കൃത്രിമം കാണിക്കല്‍ പോലുള്ള ഗുരുതരമായ ലംഘനങ്ങള്‍ക്ക് ആർട്ടിക്കിള്‍ 66 പ്രകാരം ഒന്ന് മുതല്‍ മൂന്ന് വർഷം വരെ തടവും 10,000 ത്തിനും -20,000 റിയാലിനും ഇടയില്‍ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.

എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്ബത്തിന്റെ കൂടുതല്‍ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികള്‍ക്ക് ധനസഹായം നല്‍കുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. അതേസമയം, നികുതിക്ക് വിധേയരാകുക ഒമാൻ ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഇളവ് പരിധി നിശ്ചയിച്ചത്. നികുതിയില്‍ നിന്നുള്ള വരുമാനം ദേശീയ സാമൂഹിക സംരക്ഷണ സംവിധാനത്തെ പിന്തുണക്കുന്നതിനായിരിക്കും ഉപയോഗിക്കുക.

STORY HIGHLIGHTS:Penalties for those who do not file returns and falsify documents under the Personal Income Tax Act

Related Articles

Back to top button