ഒമാനില് അവശ്യ സാധനങ്ങളുടെ വില വര്ധിച്ചു.

ഒമാനില് അവശ്യ സാധനങ്ങളുടെ വില വര്ധിച്ചു. നാഷണല് സെന്റര് ഫോര് സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് ഇന്ഫര്മേഷന് (എന്സിഎസ്ഐ) പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം, ഉപഭോക്തൃ വില കഴിഞ്ഞ വര്ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 0.82 ശതമാനം ആണ് വര്ധിച്ചത്.
പുതിയ ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം മൊത്തത്തിലുള്ള പണപ്പെരുപ്പത്തില് നേരിയ വര്ധനവ് കാണിച്ചു.

വ്യക്തിഗത ഉല്പ്പന്നങ്ങളുടെയും മറ്റ് സേവനങ്ങളുടെയും ഇനത്തില് 7.45 ശതമാനം വര്ധനവാണ് രേഖപ്പെടുത്തിയത്. ഗതാഗത ഇനത്തില് 3.12 ശതമാനവും, റെസ്റ്റോറന്റ് – ഹോട്ടല് വിഭാഗത്തില് 1.39 ശതമാനവുമാണ് വര്ധനവ് രേഖപ്പെടുത്തിയത്. കൂടാതെ ആരോഗ്യം (0.76%), വസ്ത്രങ്ങള്, പാദരക്ഷകള് (0.6%), വിദ്യാഭ്യാസം (0.07%), ഭവനം, ഇന്ധനം (0.02%) എന്നിവയുള്പ്പെടെ മറ്റ് ഇനങ്ങളിലും നേരിയ വര്ധനവ് റിപ്പോര്ട്ട്ചെയ്തു.

എന്നാല് ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വിലയില് 0.59 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുംചെയ്തതായും എന്സിഎസ്ഐയുടെ ഡാറ്റകള് പറയുന്നു. പച്ചക്കറികള് (8.06%), മത്സ്യം, സമുദ്രവിഭവങ്ങള് (3.84%), പഴങ്ങള് (0.45%), മദ്യേതര പാനീയങ്ങള് (0.19%) എന്നിവയില് വലിയ തോതിലുള്ള വിലക്കുറവാണ് ഉണ്ടായത്. ഭക്ഷ്യ വിഭാഗത്തില് മൊത്തത്തിലുള്ള ഇടിവ് ഉണ്ടായെങ്കിലും വിവിധ ഭക്ഷ്യ ഉല്പ്പന്നങ്ങള് പഞ്ചസാര, മധുരപലഹാരങ്ങള് (+3.31%), പാല്, ചീസ്, മുട്ട (+1.84%) തുടങ്ങിയ ചില ഉപഇനത്തില് വിലക്കയറ്റം അനുഭവപ്പെട്ടു.

ഗവര്ണറേറ്റുകളെ തരംതിരിച്ച് നോക്കുകയാണെങ്കില് അല് ദഖിലിയയിലാണ് ഏറ്റവും ഉയര്ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്- 1.76 ശതമാനം. അല് ഷര്ഖിയ നോര്ത്തില് 0.01 ശതമാനം കുറവും രേഖപ്പെടുത്തി.
മറ്റ് ഗവര്ണറേറ്റുകളിലെ നിരക്കുകള് ഇങ്ങനെയാണ്:
അല് ദഹിറ: 1.57 ശതമാനം.
അല് ഷര്ഖിയ സൗത്ത് : 1.4 ശതമാനം.
മുസന്ദം: 1.34 ശതമാനം.
അല് വുസ്ത : 1.22 ശതമാനം
അല് ബത്തിന സൗത്ത് 0.1 ശതമാനം.
STORY HIGHLIGHTS:The prices of essential goods have increased in Oman.