മനുഷ്യക്കടത്ത് തടയാൻ പുതിയ സംരംഭവുമായി ഒമാൻ

മനുഷ്യക്കടത്ത് തടയാൻ പുതിയ സംരംഭവുമായി ഒമാൻ. മനുഷ്യക്കടത്തിനെതിരെ ദേശീയ തലത്തില്‍ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു.
ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗാമായാണ് കാമ്ബയിൻ ആരംഭിച്ചത്.

മനുഷ്യക്കടത്തിന്റെ എല്ലാ മേഖലകളും സ്പർശിക്കുന്ന വിധത്തിലാണ് ഒമാനില്‍ ദേശീയ കാമ്ബയിൻ നടത്തുന്നത്. ബലപ്രയോഗം, വഞ്ചന, അധികാര ദുർവിനിയോഗം, ചൂഷണം, മറ്റ് നിയമവിരുദ്ധ രീതികള്‍ എന്നിവയിലൂടെ ആളുകളെ ഒമാനിക്ക് കൊണ്ടുവരുന്നത് മനുഷ്യക്കടത്തായി കണക്കാക്കും. നിർബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം, അടിമത്തം, നിയമവിരുദ്ധമായി അവയവങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തില്‍, ബലപ്രയോഗമോ വഞ്ചനയോ ഇല്ലെങ്കില്‍ പോലും കുറ്റകൃത്യമായി പരിഗണിക്കും.
പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ അവബോധം സൃഷ്ടിക്കുകയും മനുഷ്യക്കടത്ത് ഇല്ലാതാക്കുകയും ചെയ്യുകയാണ് ദേശീയ ബോധവല്‍ക്കരണ പരിപാടിയുടെ ലക്ഷ്യം. മനുഷ്യക്കടത്തിന് ഇരയാകുന്നവരെ കണ്ടെത്താനും സഹായിക്കാനും ഒമാൻ പോലീസ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനുമായും സാമൂഹിക വികസന മന്ത്രാലയവുമായും ഏകോപിപ്പിച്ചാണ് ഇരകളെ സംരക്ഷക്കുന്നതും നിയമ സഹായം ഉറപ്പാക്കുന്നതും.

അതിർത്തികള്‍ കടന്ന് പ്രവർത്തിക്കുന്ന നിരവധി സംഘടിത ക്രിമിനല്‍ ശൃംഖലകളെ കണ്ടെത്തിയതായി എൻക്വയറീസ് ആന്റ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജമാല്‍ ബിൻ ഹബീബ് അല്‍ ഖുറൈശി അറിയിച്ചു. വിദേശത്തുള്ള സ്ത്രീകളെ ഒമാനിലേക്ക് ആകർഷിക്കുന്നതിനായി കുറ്റവാളികള്‍ വ്യാജപരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹഹം അറിയിച്ചു. ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ തൊഴിലാളികളെ കൊണ്ടുവന്ന് നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുകയും കൂടുതല്‍ സമയം ജോലി ചെയ്ത് വിസയുമായി ബന്ധപ്പെട്ട കടങ്ങള്‍ വീട്ടാൻ നിർബന്ധിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

STORY HIGHLIGHTS:Oman launches new initiative to combat human trafficking