അനുമതിയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈൻ പ്രചാരണത്തിനെതിരെ ഒമാനില്‍ കര്‍ശന മുന്നറിയിപ്പ്

ഒമാൻ:കാണ്‍ഫോമിറ്റി സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട അധികാരികളുടെ പരിശോധനയോ ലഭിക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിയമാനുസൃത പരിശോധനയ്ക്ക് വിധേയമാകാത്ത ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണം പൊതുജനാരോഗ്യത്തിനും ജീവസുരക്ഷയ്ക്കും ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇലക്‌ട്രോണിക് വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും മാർക്കറ്റിംഗും പ്രൊമോഷനും സംബന്ധിച്ചുള്ള മന്ത്രിതല തീരുമാനത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഈ നടപടിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 2022-ലെ ഉത്തരവ് നമ്ബർ 619/2022 പ്രകാരമുള്ള വ്യവസ്ഥകളിലെ ആർട്ടിക്കിള്‍ 9-ലെ ഖണ്ഡിക 13 പ്രകാരമുള്ള ലംഘനമാണിത്.
നിയമവ്യവസ്ഥകള്‍ കർശനമായി പാലിക്കണമെന്നും അനുമതിയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യരുതെന്നും മന്ത്രാലയം അറിയിച്ചു. ഈ നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Story Highlights:Oman issues strict warning against online promotion of unauthorized products



