വായു ഗുണനിലവാരം പരിശോധിക്കാന്‍ ദേശീയ തലത്തില്‍ വന്‍ പദ്ധതിയുമായി ഒമാന്‍

ഗവര്ണറേറ്റുകളിലുടനീളം വായു മലിനീകരണത്തെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനും ഉറവിടങ്ങള് തിരിച്ചറിയുന്നതിനുമായി പരിസ്ഥിതി അതോറിറ്റി ഒമാനിലെ ജര്മ്മന് സാങ്കേതിക സര്വകലാശാലയുമായി സഹകരിച്ച് ദേശീയ പദ്ധതിയ്ക്ക് തുടക്കമിട്ടു.
വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും തുടര്ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
വായുവിലെ കണികാ പദാര്ത്ഥങ്ങളുടെ രാസഘടന പരിശോധിക്കുകയും അവയുടെ പ്രകൃതിദത്തമായ ഉറവിടങ്ങള് നിര്ണ്ണയിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ വായു നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നയങ്ങള് തയ്യാറാക്കാനുമാണ് ഒമാന് പരിസ്ഥിതി അതോറിറ്റിയും ജര്മന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും തമ്മില് സഹകരിക്കുന്നത്. പ്രത്യേക വായുഗുണനിലവാര നിരീക്ഷണ ഉപകരണങ്ങള് സ്ഥാപിക്കല്, നഗര, വ്യാവസായിക, ഗ്രാമപ്രദേശങ്ങളില് നിന്നുള്ള ഫീല്ഡ് സാമ്ബിളുകള് ശേഖരിക്കല്, നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകള് ഉപയോഗിച്ച് ഇവയുടെ സാങ്കേതിക വിശകലനം എന്നിവയെല്ലാം ഇതിലുള്പ്പെടുന്നു.
പരിസ്ഥിതി അതോറിറ്റിയിലെ വിദഗ്ധര്, ജര്മന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരുമടങ്ങുന്ന സംഘം വിവിധ ഗവര്ണറേറ്റുകളില് ഫീല്ഡ് വര്ക്ക് ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വിവരങ്ങള് ഉള്പ്പെടുത്തി ഒരു ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കും. ദേശീയ തലത്തില് പാരിസ്ഥിതിക നയരൂപീകരണത്തില് അക്കാദമിക് വിഭാഗങ്ങളും ഗവണ്മെന്റും തമ്മിലുള്ള പരസ്പര സഹകരണത്തെയാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.
Story Highlights:Oman launches major national air quality monitoring project



