നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂണ്‍ 1 മുതല്‍

ഒമാൻ:രാജ്യത്തെ പുറം തൊഴിലിടങ്ങളില്‍ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂണ്‍ 1 മുതല്‍ ആരംഭിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

മെയ് 18-നാണ് ഒമാൻ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രചാരണ പരിപാടിയ്ക്ക് മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.
മന്ത്രാലയത്തിന് കീഴിലുള്ള ഒക്കുപ്പേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് വകുപ്പാണ് ‘സേഫ് സമ്മർ’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. വേനല്‍ച്ചൂടില്‍ പുറം തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നതിന്റെ അപകടങ്ങള്‍, സൂര്യാഘാതത്തിന്റെ അപകടങ്ങള്‍, തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്വീകരിക്കാവുന്ന മുൻകരുതല്‍ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നത്.

നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്ന കാലയളവില്‍ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏല്‍ക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങള്‍ നിർബന്ധമായും നിർത്തിവെക്കേണ്ടതാണെന്ന് മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.

വേനല്‍ ചൂട് രൂക്ഷമാകുന്ന മാസങ്ങളില്‍ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നില്‍ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വേനലിലെ കൊടും ചൂടില്‍, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യതകള്‍ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
286/2008′ എന്ന മന്ത്രിസഭാ ഉത്തരവിലെ ആർട്ടിക്കിള്‍ 16 പ്രകാരം വേനല്‍മാസങ്ങളില്‍ സൂര്യതപം ഏല്‍ക്കാനിടയുള്ള സമയങ്ങളില്‍ തൊഴിലാളികള്‍ തുറന്ന ഇടങ്ങളില്‍ ജോലിചെയ്യുന്നത് ഒമാൻ നിരോധിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Oman’s Ministry of Labor announced that the mandatory midday break will begin from June 1, 2025.