വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനായി ഒമാൻ സുല്‍ത്താൻ മുസന്ദം ഗവര്‍ണറേറ്റില്‍ എത്തി.
ഒമാൻ: വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനായി ഒമാൻ സുല്‍ത്താൻ മുസന്ദം ഗവര്‍ണറേറ്റില്‍ എത്തി. മുസന്ദം ഗവര്‍ണറേറ്റിലെ ശൈഖുമാര്‍, വ്യവസായ പ്രമുഖര്‍, ഒമാനി പൗരന്മാര്‍ തുടങ്ങിയവരുമായി സുല്‍ത്താൻ കൂടിക്കാഴ്ച നടത്തി.
മുസന്ദം ഗവര്‍ണറേറ്റില്‍ എത്തിയ ഒമാൻ സുല്‍ത്താന് ഊഷ്മള വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്. വികസന പദ്ധതിയുടെ ഭാഗമായി ഗവര്‍ണറേറ്റുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു.
മുസന്ദം ഗവര്‍ണറേറ്റില്‍ സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഗവര്‍ണറുമായും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുമായും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാൻ ഒമാൻ സുല്‍ത്താൻ ശൈഖുമാരോടും നേതാക്കളോടും അഭ്യര്‍ഥിച്ചു.
മുസന്ദം ഗവര്‍ണറേറ്റില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാനും സുല്‍ത്താൻ നിര്‍ദേശിച്ചു. അല്‍ ജരാദിയ ഏരിയയില്‍ വാണിജ്യ- പാര്‍പ്പിട പദ്ധതി സ്ഥാപിക്കല്‍, സൈഹ് അല്‍ വാസത്തില്‍ വ്യവസായ മേഖല, മദ്ഹ വിലായത്തില്‍ സാമൂഹിക ഭവന നിര്‍മാണം, നിരവധി സമുദ്ര ഗ്രാമങ്ങളുടെ വികസനം, ഖസബ് വിലായത്തിലെ മഹാസ് വ്യവസായ മേഖലയില്‍ പ്രീ ഫാബ്രിക്കേറ്റഡ് മോഡല്‍ ഫാക്ടറികള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി വികസന പദ്ധികള്‍ ഒരുക്കാനാണ് സുല്‍ത്താൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
STORY HIGHLIGHTS:The Sultan of Oman visited Musandam Governorate to see the development activities.