News

തൊഴില്‍ ചൂഷണത്തിന് തടയിടാൻ വിപ്ലവകരമായ നീക്കവുമായി ഒമാൻ

തൊഴില്‍ ചൂഷണത്തിന് തടയിടാൻ വിപ്ലവകരമായ നീക്കവുമായി ഒമാൻ; മസ്കറ്റ് വിമാനത്താവളത്തില്‍ പ്രത്യേക ബോധവല്‍ക്കരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

തൊഴില്‍ ചൂഷണത്തിന് തടയിടാൻ വിപ്ലവകരമായ നീക്കവുമായി ഒമാൻ

ഒമാനിലേക്ക് ജോലിക്കെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും ചുമതലകളും മനസ്സിലാക്കിക്കൊടുക്കാനും ആവശ്യഘട്ടങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളെ എളുപ്പത്തില്‍ സമീപിക്കാനും ലക്ഷ്യമിട്ട് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ബോധവല്‍ക്കരണ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

നുഷ്യക്കടത്ത് പ്രതിരോധിക്കാനുള്ള ദേശീയ സമിതിയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതിന് മുൻപ് തന്നെ അവർക്ക് ബോധവത്കരണം നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെത്തുന്ന തൊഴിലാളികള്‍ക്ക് ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. തൊഴിലുടമയെയോ റിക്രൂറ്റിംഗ് ഏജന്‍റുമാരെയോ മാത്രം ആശ്രയിക്കുന്ന രീതിക്ക് ഇതിലൂടെ മാറ്റം വരും. ആദ്യഘട്ടത്തില്‍ 13 വ്യത്യസ്ത ഭാഷകളില്‍ ലഭ്യമായ സമിതിയുടെ വെബ്‌സൈറ്റും ബോധവല്‍ക്കരണ സാമഗ്രികളും പ്രദർശിപ്പിക്കുന്ന ഡിജിറ്റല്‍ സ്ക്രീനുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കും. വിവിധ രാജ്യങ്ങളുടെ എംബസി നമ്പറുകളും സമിതിയുടെ ഹോട്ട്‌ലൈൻ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുമായി നേരിട്ട് സംവദിക്കാനും, തൊഴിലുടമയുടെ പേര്, നിശ്ചയിക്കപ്പെട്ട ശമ്പളം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പരിശോധിച്ച്‌ അവരെ ബോധവല്‍ക്കരിക്കാനുമായി ലേബർ മിനിസ്ട്രിയിലെ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയമിക്കും. മനുഷ്യക്കടത്ത് തടയുന്നത് കുറ്റകൃത്യം നടന്നതിന് ശേഷമുള്ള നടപടികളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച്‌ ബോധവല്‍ക്കരണത്തിലൂടെയും പ്രതിരോധത്തിലൂടെയുമാണ് അത് തുടങ്ങേണ്ടതെന്നും കുറ്റാന്വേഷണ വിഭാഗം ജനറല്‍ ഡയറക്ടറും മനുഷ്യക്കടത്ത് പ്രതിരോധ സമിതി ഉപാധ്യക്ഷനുമായ ബ്രിഗേഡിയർ ജമാല്‍ ബിൻ ഹബീബ് അല്‍ ഖുറൈശി വ്യക്തമാക്കി.

തൊഴിലാളികള്‍ ഒമാനില്‍ എത്തുന്ന ആദ്യ നിമിഷം മുതല്‍ അവകാശങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് നല്‍കുന്നത് സുപ്രധാനമായ ഒരു മുൻകരുതലാണെന്ന് ഒമാൻ വർക്കേഴ്സ് ജനറല്‍ യൂണിയൻ ഡയറക്ടർ ജനറലും സമിതി അംഗവുമായ ജാസിം ബിൻ ഹമൂദ് അല്‍ മാല്‍ക്കി അഭിപ്രായപ്പെട്ടു. അടിസ്ഥാന തൊഴില്‍ അവകാശങ്ങള്‍, വേതനം, ജോലി സമയം, പരാതികള്‍ നല്‍കേണ്ട വിധം, പാസ്‌പോർട്ട് പിടിച്ചുവെക്കല്‍ പോലെയുള്ള ചൂഷണങ്ങള്‍ക്കെതിരെയുള്ള മുൻകരുതലുകള്‍ എന്നിവ ഈ കേന്ദ്രത്തിലൂടെ തൊഴിലാളികള്‍ക്ക് മനസ്സിലാക്കാം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഭാഷാ തടസ്സമില്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കാൻ 13 ഭാഷകളിലാണ് ഈ സേവനം സജ്ജീകരിച്ചിരിക്കുന്നത്.

തൊഴില്‍ തർക്കങ്ങള്‍ പരിഹരിക്കുന്നതിലും നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും ഒമാൻ വർക്കേഴ്സ് ജനറല്‍ യൂണിയനും എംബസികളും സമിതിയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Screenshot

Related Articles

Back to top button