ഒമാൻ ദേശീയദിനം: വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാൻ കർശന മാർഗനിർദേശങ്ങൾ
ഒമാൻ ദേശീയദിനം: വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാൻ കർശന മാർഗനിർദേശങ്ങൾ; നവംബർ 1 മുതൽ ഇളവ്

മസ്കറ്റ്: ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കറുകളും അലങ്കാരങ്ങളും പതിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കി. നവംബർ 1 മുതൽ നവംബർ 30 വരെയാണ് വാഹനങ്ങളിൽ ഇത്തരം അലങ്കാരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഇളവ് അനുവദിച്ചിരിക്കുന്നത്.

ദേശീയദിനവുമായി ബന്ധപ്പെട്ട ഉചിതമായ ചിത്രങ്ങളും വാക്യങ്ങളും മാത്രമേ സ്റ്റിക്കറുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. വാഹനത്തിന്റെ യഥാർത്ഥ നിറമോ ഘടനയോ മാറ്റം വരുത്തുന്ന രീതിയിലാകരുത് അലങ്കാരങ്ങൾ. കൂടാതെ സ്റ്റിക്കറുകൾ സുരക്ഷിതമായും ഇളകിപ്പോകാത്ത വിധത്തിലും പതിച്ചിരിക്കണം.
വാഹനത്തിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലും വശങ്ങളിലെ ജനലുകളിലും സ്റ്റിക്കറുകൾ പതിക്കുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കാത്ത വിധത്തിൽ പിൻവശത്തെ ഗ്ലാസിൽ (റിയർ വിൻഡോ) മാത്രമേ സ്റ്റിക്കറുകൾ അനുവദിക്കൂ.

ബോണറ്റിന് മുകളിൽ തുണികൾ വിരിക്കുന്നതും, കിരീടവും ഖഞ്ചറും അടങ്ങിയ ഔദ്യോഗിക ചിഹ്നങ്ങൾ വാഹനങ്ങളിൽ സ്റ്റിക്കറായി ഉപയോഗിക്കുന്നതും ആർ.ഒ.പി കർശനമായി നിരോധിച്ചിട്ടുണ്ട്. റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ടുമാത്രമേ ഇത്തരം മാറ്റങ്ങൾ വരുത്താവൂ.
ഫോർ-വീൽ ഡ്രൈവ് (4WD) വാഹനങ്ങൾക്ക് നിശ്ചിത നിബന്ധനകൾക്ക് വിധേയമായി വാഹനത്തിന്റെ ബോഡി, പിൻഗ്ലാസ്, വശങ്ങളിലെ ഫിക്സഡ് ഗ്ലാസുകൾ എന്നിവയിൽ സ്റ്റിക്കറുകൾ പതിക്കാൻ അനുമതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




