FootballSports

ഒമാന് തകർപ്പൻ വിജയ തുടക്കം.

ഒമാൻ:പുതിയ കോച്ച്‌ ജറോസ്ലാവ് സില്‍ഹവിക്ക് കീഴില്‍ ആദ്യ അങ്കത്തിനിറങ്ങിയ ഒമാന് തകർപ്പൻ വിജയ തുടക്കം. സുല്‍ത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സില്‍ നടന്ന ഫിഫ ലോകകപ്പ് 2026, എ.എഫ്‌.സി ഏഷ്യൻ കപ്പ് 2027 ഇരട്ട യോഗ്യത മത്സരത്തില്‍ മലേഷ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകർത്തത്.

രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. 58ാം മിനിറ്റില്‍ ഇസ്സാം അല്‍സാബിയും 88ാം മിനിറ്റില്‍ മുഹ്സിൻ അല്‍ ഗസ്സാനിയുമാണ് സുല്‍ത്താനേറ്റിനുവേണ്ടി വലുകുലുക്കിയത്.

ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളിയില്‍നിന്ന് രണ്ട് വിജയമടക്കം ആറുപോയന്‍റുമായി ഒമാൻ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും കളിയില്‍നിന്ന് രണ്ട് വിജയവുമായി മലേഷ്യ രണ്ടാമതാണ്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഒമാൻ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

പുതിയ കോച്ചിന് കീഴില്‍ പുതിയ തന്ത്രങ്ങളുമായിട്ടായിരുന്നു സുല്‍ത്താനേറ്റ് കളത്തിലിറങ്ങിയത്. ആക്രമണത്തോടൊപ്പം പ്രതിരോധവും കനപ്പിച്ചായിരുന്നു മുന്നേറ്റം. റമദാൻ മാസമായിട്ടും മത്സരം കാണാൻ ആളുകള്‍ ഒഴുകിയെത്തിയത് ടീമിന് അനുകൂല ഘടകമാകുകയും ചെയ്തു. ആദ്യ പകുതിയില്‍ കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയത്. നിരവധി അവസരങ്ങള്‍ വീണു കിട്ടിയെങ്കിലും ഇരുകൂട്ടർക്കും മുതലെടുക്കാനായില്ല.

എന്തുവിലകൊടുത്തും ലീഡെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു ജറോസ്ലാവ് സില്‍ഹവിയുടെ കുട്ടികള്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. ഇടതു-വലതു വിങ്ങുകളിലുടെയുള്ള ആക്രമണത്തില്‍ മലേഷ്യൻ ഗോള്‍മുഖം വിറക്കുകയും ചെയ്തു.

ഒടുവില്‍ 58ാം മിനിറ്റില്‍ ഒമാൻ കാത്തിരുന്ന നിമിഷം വന്നു. മൈതാന മധ്യത്തുനിന്ന് നീട്ടി കിട്ടിയ പന്തുമായുള്ള ഒമാൻ താരങ്ങളുടെ മുന്നേറ്റത്തില്‍, ബോക്സിനുള്ളില്‍നിന്നുള്ള വലംകാല്‍ ഷോട്ടിലൂടെ ഇസ്സാം അല്‍സാബി വല കുലുക്കുകയായിരുന്നു. ഇതോടെ കാണികള്‍ ആഹ്ലാദ തിമിർപ്പിലായി. ഗോള്‍ വീണതോടെ ഉണർന്ന് കളിച്ച മലേഷ്യ സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കളി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഒമാൻ രണ്ടാം ഗോളും സ്വന്തമാക്കി. ഒമാന്‍റെ അടുത്ത മത്സരം മലേഷ്യക്കെതിരെ ചൊവ്വാഴ്ച ക്വാലാലംപൂരില്‍ നടക്കും.

STORY HIGHLIGHTS:Under the new coach Jaroslav Zilhawi, Oman started with a great victory.

Related Articles

Back to top button