TravelEntertainment

മത്ര കേബിൾ കാർ പദ്ധതിക്ക് തുടക്കം.വിനോദസഞ്ചാരികൾക്കായി സോഫ്റ്റ് ലോഞ്ച് ഇന്ന് മുതൽ

ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി മത്ര കേബിൾ കാർ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനം ഇന്ന് (ഞായർ, നവംബർ 8) മുതൽ ആരംഭിക്കുന്നു.

മത്ര കേബിൾ കാർ പദ്ധതിക്ക് തുടക്കം; വിനോദസഞ്ചാരികൾക്കായി സോഫ്റ്റ് ലോഞ്ച് ഇന്ന് മുതൽ

മസ്കറ്റ്: ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി മത്ര കേബിൾ കാർ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനം (Soft Launch) ഇന്ന് (ഞായർ, നവംബർ 8) മുതൽ ആരംഭിക്കുന്നു. മത്രയിലെ ചരിത്രപ്രസിദ്ധമായ തീരപ്രദേശങ്ങളും മലനിരകളും പുതിയൊരു കാഴ്ചാനുഭവത്തിലൂടെ ആസ്വദിക്കാൻ സന്ദർശകർക്ക് ഇതിലൂടെ അവസരമൊരുങ്ങും.

ടിക്കറ്റ് നിരക്കുകൾ:

സ്വദേശികൾക്കും ഒമാനിലെ താമസക്കാർക്കും (റെസിഡന്റ്സ്) ഐഡി കാർഡ് കാണിക്കുന്ന പക്ഷം ഇളവുകളോടെ ടിക്കറ്റുകൾ ലഭ്യമാകും.

സ്വദേശികൾക്കും താമസക്കാർക്കും: മുതിർന്നവർക്ക് 8.400 ഒമാനി റിയാലും, 2 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 4.200 ഒമാനി റിയാലുമാണ് നിരക്ക്.

സന്ദർശകർക്ക് (ടൂറിസ്റ്റുകൾ): മുതിർന്നവർക്ക് 10.800 റിയാലും, 2 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 5.040 റിയാലും ഈടാക്കും.

വി.ഐ.പി കാബിൻ: 2 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഒരാൾക്ക് 30 റിയാലാണ് നിരക്ക്.

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എല്ലാ വിഭാഗങ്ങളിലും യാത്ര തികച്ചും സൗജന്യമാണ്. 12 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് മുതിർന്നവരുടെ നിരക്ക് ബാധകമായിരിക്കും.

ടിക്കറ്റുകൾ പദ്ധതിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴിയോ നേരിട്ട് വാങ്ങാവുന്നതാണ്.

പ്രവർത്തന സമയം:

ഞായർ മുതൽ ബുധൻ വരെ: ഉച്ചയ്ക്ക് 1:00 മുതൽ രാത്രി 8:00 വരെ. (ടിക്കറ്റ് വിൽപനയും പ്രവേശനവും വൈകിട്ട് 7:00-ന് അവസാനിക്കും).വ്യാഴം മുതൽ ശനി വരെ: ഉച്ചതിരിഞ്ഞ് 3:00 മുതൽ രാത്രി 10:00 വരെ. (ടിക്കറ്റ് വിൽപനയും പ്രവേശനവും രാത്രി 9:00-ന് അവസാനിക്കും).

സൗകര്യങ്ങളും യാത്രാ വഴികളും:

രണ്ട് വി.ഐ.പി കാബിനുകൾ ഉൾപ്പെടെ ആകെ 18 കാബിനുകളാണ് സർവീസിനായി ഒരുക്കിയിട്ടുള്ളത്. ഒരു കാബിനിൽ എട്ട് യാത്രക്കാർക്ക് വീതം ഇരിക്കാം. ഒരു മണിക്കൂറിൽ 800 പേരെ ഉൾക്കൊള്ളാൻ ഈ കേബിൾ കാർ സംവിധാനത്തിന് ശേഷിയുണ്ട്.

മത്രയിലെ മൂന്ന് പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കേബിൾ കാർ സർവീസ് നടത്തുന്നത്:

1. പോർട്ട് സ്റ്റേഷൻ (Port Station): മത്ര ഫിഷ് മാർക്കറ്റിനും മത്ര വാട്ടർഫ്രണ്ട് പ്രോജക്ടിനും ഇടയിലാണ് പ്രധാന പ്രവേശന കവാടമായ ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മത്ര സൂഖിനും ക്രൂസ് ഷിപ്പ് ടെർമിനലിനും സമീപത്തായതിനാൽ സഞ്ചാരികൾക്കും ക്രൂസ് യാത്രക്കാർക്കും ഇവിടേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. ടിക്കറ്റ് കൗണ്ടറുകൾ, വിസിറ്റർ സ്വീകരണ കേന്ദ്രം, കഫേകൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

2. സമ്മിറ്റ് സ്റ്റേഷൻ (Summit Station): പോർട്ട് സ്റ്റേഷനിൽ നിന്ന് യാത്ര തുടർന്ന് മത്ര കോട്ടയ്ക്കും അൽ റിയാം പാർക്കിനും ഇടയിലുള്ള ഉയർന്ന ഭാഗത്തുള്ള സമ്മിറ്റ് സ്റ്റേഷനിലെത്തും. മത്രയുടെ ചരിത്രപരമായ നിർമ്മിതികളും നഗരകാഴ്ചകളും മുകളിൽ നിന്ന് ആസ്വദിക്കാൻ സാധിക്കും.

3. ഹയ് അൽ വർദ് സ്റ്റേഷൻ (Hay Al Ward Station): അൽ റിയാം പാർക്കിനുള്ളിൽ മസ്കറ്റ് ഗേറ്റിന് സമീപമുള്ള ഈ സ്റ്റേഷനിലാണ് കേബിൾ കാർ യാത്ര അവസാനിക്കുന്നത്.

മത്രയുടെ പൈതൃക ഭംഗിയും പ്രകൃതി സൗന്ദര്യവും ആകാശക്കാഴ്ചയിലൂടെ കണ്ടാസ്വദിക്കാൻ സാധിക്കുന്ന കേബിൾ കാർ സർവീസ് മസ്കറ്റിലെത്തുന്ന സന്ദർശകർക്ക് വേറിട്ടൊരു അനുഭവമായി മാറും.

Screenshot

Related Articles

Back to top button