മസ്കറ്റ്: സ്ത്രീകൾ മാത്രം അംഗങ്ങളായ ‘ഹെർ സ്പേസ് മസ്കറ്റ് ഒയാസിസ്’ കൂട്ടായ്മ അബീർ ഹോസ്പിറ്റലുമായി സഹകരിച്ച് വനിതാ ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 23ന് റുവിയിലെ അബീർ ഹോസ്പിറ്റലിലായിരുന്നു ക്യാമ്പ്.

ഹിബ ഷാജഹാൻ സ്ഥാപകയായ കൂട്ടായ്മയുടെ പരിപാടിയിൽ ഹസീബ, ലുലു, ദിൽഷാലിയ എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. സ്ത്രീകൾ ഒത്തുചേർന്ന് സ്ത്രീകളുടെ ആരോഗ്യപരിചരണത്തിനായി വേദിയൊരുക്കിയെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.

ക്യാമ്പിൽ ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.) വിലയിരുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ജി.ആർ.ബി.എസ്. ടെസ്റ്റ്, ഹീമോഗ്ലോബിൻ പരിശോധന, ഗൈനക്കോളജിസ്റ്റിന്റെ കൺസൾട്ടേഷൻ എന്നിവ ലഭ്യമാക്കി. അബീർ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. അമൃത രാജ് എൻ. പി.യുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.

കുടുംബത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ സ്ത്രീകൾ സ്വന്തം ആരോഗ്യത്തിനും പ്രാധാന്യം നൽകണമെന്ന സന്ദേശമാണ് ക്യാമ്പ് മുന്നോട്ടുവച്ചത്. സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന കൂട്ടായ്മ എന്ന നിലയിൽ, അംഗങ്ങൾക്കിടയിലെ സൗഹൃദത്തിനൊപ്പം ആരോഗ്യബോധവത്കരണത്തിനും ഇടമൊരുക്കുന്ന സംരംഭമായി ഈ പരിപാടി മാറി.





