News

തൊഴിലാളികൾക്കെതിരായ അച്ചടക്ക നടപടിക്ക് 30 ദിവസത്തെ സമയപരിധി

തൊഴിലാളികളുടെ നിയമലംഘനത്തിലെ അച്ചടക്ക നടപടി 30 ദിവസത്തിന് ശേഷം സ്വീകരിക്കാൻ തൊഴിലുടമകള്‍ക്ക് അവകാശമില്ലെന്ന് ജനറല്‍ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്.

മസ്‌കത്ത്: ഒമാനിൽ തൊഴിലാളികൾ നടത്തുന്ന തൊഴിൽപരമായ നിയമലംഘനങ്ങളിൽ നടപടിയെടുക്കുന്നതിന് കൃത്യമായ സമയപരിധി പാലിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് (GFOW) വ്യക്തമാക്കി. വീഴ്ച കണ്ടെത്തി 30 ദിവസം പിന്നിട്ട ശേഷം ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തൊഴിലുടമകൾക്ക് നിയമപരമായി അധികാരമില്ലെന്ന് ഫെഡറേഷൻ ഓർമ്മിപ്പിച്ചു. 

ഒമാൻ തൊഴിൽ നിയമത്തിലെ (റോയൽ ഡിക്രി 53/2023) ആർട്ടിക്കിൾ 64 അടിസ്ഥാനമാക്കിയാണ് ഫെഡറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റകൃത്യമോ വീഴ്ചയോ നടന്ന് 30 ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കണം. കൂടാതെ, അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെട്ട് 60 ദിവസം കഴിഞ്ഞാൽ ശിക്ഷാ നടപടികൾ അടിച്ചേൽപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.  

ഒരു ജീവനക്കാരനെതിരെ സംഭവം നടന്ന് ഒരു മാസത്തിനുശേഷം അന്വേഷണം നടത്തുകയും തുടർന്ന് അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്ത പ്രത്യേക കേസ് വിലയിരുത്തിയ പശ്ചാത്തലത്തിലാണ് ലേബർ ഫെഡറേഷൻ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വിശദീകരണം നൽകിയത്.

രേഖകൾ നിർബന്ധമായും സൂക്ഷിക്കണം

കാലതാമസം വരുത്തിയുള്ള അച്ചടക്ക നടപടികളോ പിരിച്ചുവിടലോ നേരിടുന്ന തൊഴിലാളികൾ അവകാശ സംരക്ഷണത്തിനായി ഔദ്യോഗിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ലേബർ ഫെഡറേഷൻ നിർദേശിച്ചു:

നിയമലംഘനം നടന്ന തീയതിയും മാനേജ്‌മെന്റ് വിവരമറിഞ്ഞ തീയതിയും രേഖപ്പെടുത്തുക.  

Bullet ചോദ്യം ചെയ്യലിനോ ആഭ്യന്തര അന്വേഷണത്തിനോ വിളിപ്പിച്ച തീയതി കുറിച്ചുവെക്കുക.  

Bullet അന്വേഷണ നോട്ടീസുകൾ, സസ്പെൻഷൻ കത്തുകൾ, പിരിച്ചുവിടൽ ഉത്തരവുകൾ, ഇമെയിലുകൾ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക കത്തിടപാടുകളും കൈവശം വെക്കുക.

തൊഴിലാളികൾക്ക് പരാതിപ്പെടാം  

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയോ സമയപരിധി ലംഘിച്ചോ നടത്തുന്ന പിരിച്ചുവിടലുകൾ ‘അന്യായമായ പിരിച്ചുവിടൽ’ (Arbitrary Dismissal) ആയി കണക്കാക്കപ്പെടാം. ഇത്തരം സാഹചര്യങ്ങളിൽ പിരിച്ചുവിടൽ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തൊഴിൽ മന്ത്രാലയത്തിന്റെ തർക്ക പരിഹാര വിഭാഗത്തിന് മുമ്പാകെ തൊഴിലാളിക്ക് ഔദ്യോഗികമായി പരാതി ബോധിപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. 

Related Articles

Back to top button