Travel

കുവൈത്ത് മുതൽ ഒമാൻ വരെ 2117 കി.മീ റെയിൽവേ; ബഹ്‌റൈനിൽ ഒപ്പുവെച്ച ചരിത്ര കരാർ ജിസിസിയെ മാറ്റിമറിക്കും

ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ബൃഹത്തായ റെയിൽവേ ശൃംഖല ഒരുക്കുന്നതിനുള്ള നിർണായക കരാറിൽ ആറ് ഗൾഫ് രാജ്യങ്ങളും ഒപ്പുവെച്ചു.

മനാമ / മസ്കറ്റ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ബൃഹത്തായ റെയിൽവേ ശൃംഖല ഒരുക്കുന്നതിനുള്ള നിർണായക കരാറിൽ ആറ് ഗൾഫ് രാജ്യങ്ങളും ഒപ്പുവെച്ചു. ബഹ്‌റൈനിലെ മനാമയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് ചരിത്രപരമായ ജനറൽ എഗ്രിമെന്റ് ഒപ്പുവെച്ചത്. ഒമാൻ ഉൾപ്പെടെയുള്ള ആറ് ജിസിസി രാജ്യങ്ങളിലെയും ഗതാഗത വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വടക്ക് കുവൈത്തിൽ നിന്ന് ആരംഭിച്ച് തെക്ക് ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് ജിസിസി റെയിൽവേ ശൃംഖല വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പദ്ധതിയുടെ നിർമാണത്തിൽ 56 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഓരോ രാജ്യങ്ങളും സ്വന്തം നിലയ്ക്ക് സ്ഥാപിച്ചതും നിർമിച്ചുകൊണ്ടിരിക്കുന്നതുമായ റെയിൽവേ സംവിധാനങ്ങളെ ഒരൊറ്റ ശൃംഖലയായി പരസ്പരം സംയോജിപ്പിക്കുന്നതിനുള്ള നിയമപരവും പ്രവർത്തനപരവുമായ സുപ്രധാന കരാറാണ് ബഹ്‌റൈനിൽ യാഥാർഥ്യമായത്. ആറ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര സൗഹൃദം, വാണിജ്യം, അതിർത്തി കടന്നുള്ള ചരക്കുനീക്കം, പൗരന്മാരുടെയും പ്രവാസികളുടെയും യാത്രകൾ എന്നിവ കൂടുതൽ സുഗമമാക്കാൻ ഈ പദ്ധതി വഴിയൊരുക്കും.

നിലവിൽ പകുതിയിലധികം നിർമാണ ജോലികൾ പൂർത്തിയായെങ്കിലും, പദ്ധതി സമ്പൂർണമായ തോതിൽ പ്രവർത്തനക്ഷമമാവുകയും ഔദ്യോഗിക സർവീസുകൾ ആരംഭിക്കുകയും ചെയ്യുന്നത് 2030 ഡിസംബറോടെയായിരിക്കും. വ്യാപാര-വാണിജ്യ ഇടപാടുകൾ അതിവേഗത്തിലാക്കാൻ സഹായിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഏതെങ്കിലും ഒരു ജിസിസി രാജ്യത്തേക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ റെയിൽവേ മാർഗ്ഗം മണിക്കൂറുകൾക്കകം മറ്റ് അഞ്ച് രാജ്യങ്ങളിലും എത്തിക്കാൻ സാധിക്കും. ഇത് ഗൾഫ് മേഖലയിലെ ഉൽപന്നങ്ങളുടെ കയറ്റുമതി സാധ്യതകളും വ്യാവസായിക വളർച്ചയും ഗണ്യമായി വർധിപ്പിക്കും.

കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയാണ് റെയിൽപാത ഒമാനിലെത്തുന്നത്. ആകെ 2,117 കിലോമീറ്റർ നീളത്തിലാണ് ഈ അതിവേഗ റെയിൽപാത നിർമിക്കുന്നത്. പാതയിലൂടെ പാസഞ്ചർ ട്രെയിനുകളും ചരക്കു വണ്ടികളും സർവീസ് നടത്തും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാകും യാത്രാ ട്രെയിനുകൾ സർവീസ് നടത്തുക. ചരക്കു വണ്ടികൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെയായിരിക്കും വേഗത.

2045 ആകുമ്പോഴേക്കും പ്രതിവർഷം 80 ലക്ഷം യാത്രക്കാരെയും 95 ദശലക്ഷം ടൺ ചരക്കുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ഈ റെയിൽ ശൃംഖലയ്ക്ക് ശേഷിയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. വിമാനത്തിനും കപ്പൽ മാർഗ്ഗങ്ങൾക്കും പുറമെ ചെലവുകുറഞ്ഞതും വേഗതയേറിയതുമായ മറ്റൊരു യാത്രാ മാർഗ്ഗം കൂടി ഇതോടെ ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും മുന്നിൽ തുറക്കപ്പെടും. ഗതാഗതം, ലോജിസ്റ്റിക്സ്, സംഭരണം തുടങ്ങിയ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടാൻ ഇത് സഹായകമാകും.

ജിസിസി അംഗരാജ്യങ്ങളിലെല്ലാം തന്നെ ആഭ്യന്തര റെയിൽപാത നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതിൽ ഒമാൻ മുതൽ യുഎഇ വരെയുള്ള റെയിൽപാതയിലെ സർവീസ് പരീക്ഷണം അടുത്ത വർഷം നടക്കും. സുഹാറിനും അബുദാബിക്കുമിടയിൽ 238 കിലോമീറ്റർ ദൂരത്തിലാണ് ഒമാൻ-യുഎഇ റെയിൽപാത വരുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ വെറും ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് സുഹാറിൽ നിന്നും അബുദാബിയിലെത്താൻ സാധിക്കും. സുഹാറിനും അൽ ഐനിനുമിടയിലുള്ള യാത്രാസമയം വെറും 47 മിനിറ്റായി ചുരുങ്ങും.

മറ്റു രാജ്യങ്ങളിലെ കണക്റ്റിവിറ്റികളും ദ്രുതഗതിയിലാണ് മുന്നേറുന്നത്. 650 കിലോമീറ്റർ ദൂരത്തിലുള്ള സൗദി-കുവൈത്ത് റെയിൽ ഇടനാഴി 2028-ൽ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദിൽ നിന്ന് ദോഹയിലേക്കുള്ള റെയിൽ ലിങ്ക് സംബന്ധിച്ച ചർച്ചകളും അന്തിമഘട്ടത്തിലാണ്. യുഎഇയിൽ പാസഞ്ചർ റെയിൽ സർവീസുകൾ കഴിഞ്ഞ ജൂണിൽ തന്നെ വിജയകരമായി തുടക്കം കുറിച്ചിരുന്നു. നിലവിൽ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 1 മണിക്കൂർ 45 മിനിറ്റിൽ എത്താൻ സാധിക്കുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ ശൃംഖല ദുബായിലേക്കും വിജയകരമായി ദീർഘിപ്പിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ജിസിസിയിലെ മുഴുവൻ തലസ്ഥാന നഗരികളെയും പ്രധാന വ്യവസായ കേന്ദ്രങ്ങളെയും കോർത്തിണക്കി ഗൾഫ് റെയിൽവേ കുതിച്ചുയരും.

Related Articles

Back to top button