ഒമാൻ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 6.7 ശതമാനം കുറവ്
ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ ഈ വർഷം ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി.

ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ ഈ വർഷം ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി.
2026 സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി എത്തിയവരും പുറപ്പെട്ടവരും ട്രാൻസിറ്റ് യാത്രക്കാരുമടക്കം ആകെ 1,04,32,121 പേരാണ് യാത്ര ചെയ്തത്. മുൻവർഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 1,11,76,189 യാത്രക്കാരെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നാഷനല്‍ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മസ്കത്ത്, സലാല, സുഹാർ വിമാനത്താവളങ്ങള്‍ വഴിയുള്ള രാജ്യാന്തര വിമാന സർവീസുകളുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ആകെ 60,387 രാജ്യാന്തര സർവീസുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ഇത് 65,918 ആയിരുന്നു. രാജ്യാന്തര സർവീസുകളില്‍ 8.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ പ്രധാന വിമാനത്താവളമായ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 90,65,676 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ 97,67,193 യാത്രക്കാരെ അപേക്ഷിച്ച് 7.2 ശതമാനത്തിന്റെ കുറവാണിത്. രാജ്യാന്തര, ആഭ്യന്തര സർവീസുകളടക്കം 64,938 വിമാനങ്ങളാണ് ഇവിടെനിന്ന് സർവീസ് നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് വിമാന സർവീസുകളില്‍ 6.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.സലാല വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 13,07,454 ആയി കുറഞ്ഞു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെ കുറവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. എന്നാല്‍, സലാല വഴിയുള്ള വിമാന സർവീസുകളുടെ എണ്ണം 0.1 ശതമാനം വർധിച്ച് 8,682 ആയി ഉയർന്നു. സുഹാർ വിമാനത്താവളം വഴി 16,290 പേരാണ് യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 12.2 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ വിമാന സർവീസുകളുടെ എണ്ണം 2.9 ശതമാനം കുറഞ്ഞ് 204 ആയി. ദുകം വിമാനത്താവളം വഴി സെപ്റ്റംബർ വരെ 440 ആഭ്യന്തര സർവീസുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ഇത് 460 സർവീസുകളായിരുന്നു. യാത്രക്കാരുടെ എണ്ണം 5.3 ശതമാനം കുറഞ്ഞ് 42,701 ആയി.



