NewsEventEvents

മസ്‌കറ്റിൽ സംഗീതവും പ്രണയവും പെയ്തിറങ്ങി ‘നിലാവ് 2026

മസ്‌കറ്റിൽ പ്രണയവും നിലാവും പെയ്തിറങ്ങി ‘നിലാവ് 2026’; വിധു പ്രതാപിന്റെ ഹിറ്റ് ഗാനങ്ങളിലും അനുഭവകഥകളിലും അലിഞ്ഞ് പ്രവാസലോകം

മസ്‌കറ്റിൽ പ്രണയവും നിലാവും പെയ്തിറങ്ങി ‘നിലാവ് 2026’; വിധു പ്രതാപിന്റെ ഹിറ്റ് ഗാനങ്ങളിലും അനുഭവകഥകളിലും അലിഞ്ഞ് പ്രവാസലോകം

മസ്‌കറ്റ്: കുളിരുള്ള രാത്രിയിൽ നിലാവും സംഗീതവും പ്രണയവും ഒരുപോലെ പെയ്തിറങ്ങിയപ്പോൾ പ്രവാസലോകത്തിന് അതൊരു അവിസ്മരണീയ അനുഭവമായി മാറി. നവംബർ 27-ന് മസ്‌കറ്റ് ഖുറം സിറ്റി ആംഫി തിയേറ്ററിൽ നടന്ന ‘നിലാവ് 2026’ മെഗാ ഷോ വൻ വിജയമായി.

മസ്‌കറ്റിലെ മനോഹരമായ തണുത്ത കാലാവസ്ഥയും ഓപ്പൺ എയർ ആംഫി തിയേറ്ററിലെ അന്തരീക്ഷവും ചേർന്നപ്പോൾ, പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും സംഘവും ഒരുക്കിയ സംഗീതവിരുന്ന് കാണികളെ പഴയ പ്രണയകാലത്തിന്റെ മധുരസ്മരണകളിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്.

വിധു പ്രതാപിന്റെ ഹൃദയം തൊടുന്ന പ്രണയഗാനങ്ങളും എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളും വേദിയിൽ അലയടിച്ചപ്പോൾ തിങ്ങിനിറഞ്ഞ സദസ്സ് ആവേശത്തോടെ ഏറ്റുപാടി. പാട്ടുകൾക്കൊപ്പം താൻ സംഗീതരംഗത്തേക്ക് കടന്നുവന്ന വഴികളെയും കരിയറിലെ തുടക്കകാല അനുഭവങ്ങളെയും കുറിച്ച് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചു.

‘നിറം’ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കാസറ്റ് പതിപ്പ് താൻ ആലപിച്ചതും എന്നാൽ സിനിമയിൽ ആ ഗാനം മറ്റൊരു ഗായകൻ ആലപിച്ചതുമായ കൗതുകകരമായ അനുഭവകഥയും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. സംഗീതരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയിലെ കലാകാരന്മാർക്കും സംഗീതപ്രേമികൾക്കും പ്രചോദനം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഗായിക ക്രിസ്റ്റകലയുടെ സംഗീതാവതരണം കലാവിരുന്നിന് കൂടുതൽ മിഴിവേകിയപ്പോൾ, ഡോ. അഖിലയും റെജി രാമപുരവും ഹാസ്യപ്രകടനങ്ങളിലൂടെ സദസ്സിനെ ചിരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രശസ്ത മിമിക്രി-സിനിമാ താരം കെ.എസ്. പ്രസാദ് ആയിരുന്നു ഷോ ഡയറക്ടർ.

ജീവനിയം മെഡിപോളിസ് അവതരിപ്പിച്ച ഈ മെഗാ ഇവന്റ് എൻ.എച്ച്.പി ഇവന്റ്സ് ആണ് സംഘടിപ്പിച്ചത്. ഒമാനിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് കുടുംബങ്ങളും സംഗീതപ്രേമികളും പരിപാടിയിൽ പങ്കെടുത്തു.

മികച്ച ശബ്ദ-വെളിച്ച വിന്യാസവും സംഘാടന മികവും സംഗീതവും ഹാസ്യവും സമന്വയിച്ച കലാവിരുന്നും ‘നിലാവ് 2026’-നെ മസ്‌കറ്റിലെ പ്രവാസലോകത്തിന് ഏറെക്കാലം ഓർമയിൽ സൂക്ഷിക്കാവുന്ന മനോഹരമായൊരു സായാഹ്നമാക്കി മാറ്റി.

Related Articles

Back to top button