‘പ്രേമലു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘പ്രേമലു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കന്നഡ തെലുങ്ക് സിനിമകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സഞ്ജിത് ഹെഗ്‌ഡെ ആദ്യമായി ഒരു മലയാള ചിത്രത്തിനായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയൊട്ടാകെ തരംഗമായ ‘സത്യഭാമേ’ എന്ന കവര്‍ സോങ്ങിലൂടെ ആണ് മലയാളികള്‍ക്ക് സഞ്ജിത് ഹെഗ്‌ഡെയെ കൂടുതല്‍ പരിചയം. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
STORY HIGHLIGHTS:The first song from the film ‘Premalu’ is released