Information

പാസ്‌പോര്‍ട്ടില്‍ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വരാം; ഒമാനിലെ പ്രവാസികള്‍ക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

വിസയിലോ ഇമിഗ്രേഷൻ രേഖകളിലോ ഗുരുതരമായ പിഴവുകളുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ ഭയപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി.

എംബസിയില്‍ നിന്നോ ഇമിഗ്രേഷൻ വിഭാഗത്തില്‍ നിന്നോ ആണെന്ന് അവകാശപ്പെട്ട് വിളിക്കുന്ന തട്ടിപ്പുകാർ, ഔദ്യോഗിക രേഖകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രവാസികളെ കെണിയില്‍പ്പെടുത്താൻ ശ്രമിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അപരിചിതർക്ക് വ്യക്തിഗത വിവരങ്ങളോ രേഖകളുടെ പകർപ്പുകളോ കൈമാറരുതെന്നും എംബസി നിർദ്ദേശിച്ചു.

വിളിക്കുന്ന തട്ടിപ്പുകാർ രേഖകളില്‍ പിഴവുകളുണ്ടെന്നും ഉടൻ നടപടിയെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പറഞ്ഞ് ആളുകളെ ഭയപ്പെടുത്താൻ ശ്രമിച്ചേക്കാം. തുടർന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചുനല്‍കാമെന്ന പേരില്‍ പണം ആവശ്യപ്പെടുകയോ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്യാം.

അപരിചിതരില്‍നിന്ന് ലഭിക്കുന്ന സംശയാസ്പദമായ ഫോണ്‍ കോളുകളോ സന്ദേശങ്ങളോ വിശ്വസിച്ച്‌ പാസ്‌പോർട്ട്, ഒമാൻ റെസിഡന്റ് കാർഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ പകർപ്പുകളോ ചിത്രങ്ങളോ കൈമാറരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡുകള്‍, ഒടിപി തുടങ്ങിയ രഹസ്യവിവരങ്ങളും ഫോണിലൂടെയോ സോഷ്യല്‍ മീഡിയ വഴിയോ പങ്കുവയ്ക്കരുത്. രേഖകളുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം വിവരങ്ങള്‍ സ്ഥിരീകരിക്കണം.

സംശയാസ്പദമായ കോളുകള്‍ ലഭിച്ചാല്‍ അതില്‍ പറയുന്ന നിർദ്ദേശങ്ങള്‍ അനുസരിച്ച്‌ പണം കൈമാറുകയോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. പകരം ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ വഴിയോ പ്രാദേശിക പോലീസുമായി ബന്ധപ്പെട്ടോ വിവരം സ്ഥിരീകരിക്കണം. തട്ടിപ്പിന് ഇരയായെന്ന് സംശയിക്കുന്നവരും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.

വിദേശത്ത് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് പാസ്‌പോർട്ടും താമസരേഖകളും ഏറെ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യം മുതലെടുത്ത് ഭയം സൃഷ്ടിച്ച്‌ പണം തട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ ആവശ്യപ്പെടുന്ന ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ പരിഭ്രാന്തരാകാതെ വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗം.

Related Articles

Back to top button