അസാധാരണ സാഹചര്യങ്ങളില്‍ വില കൂട്ടിയാല്‍ 1,000 റിയാല്‍ വരെ പിഴ; കര്‍ശന മുന്നറിയിപ്പുമായി ഒമാൻ സി.പി.എ

പ്രകൃതിദുരന്തങ്ങള്‍, അടിയന്തര പ്രതിസന്ധികള്‍ അല്ലെങ്കില്‍ വിപണിയിലെ അസാധാരണ സാഹചര്യങ്ങള്‍ മുതലെടുത്ത് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അനാവശ്യമായി വില വർധിപ്പിക്കുന്ന വിതരണക്കാർക്കും കച്ചവടക്കാർക്കുമെതിരെ കർശന നടപടിയുമായി ഒമാൻ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA).
ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവർക്ക് 1,000 ഒമാനി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി. അമിത വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ ചട്ടങ്ങള്‍ പ്രകാരമുള്ള ഈ നടപടി.
നിയമം ലംഘിച്ച് വില വർധിപ്പിക്കുന്ന കച്ചവടക്കാരില്‍ നിന്ന് 500 മുതല്‍ 1,000 ഒമാനി റിയാല്‍ വരെ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടരുന്ന പക്ഷം തുടർന്നു വരുന്ന ഓരോ ദിവസത്തിനും അധികമായി 50 ഒമാനി റിയാല്‍ വീതം പിഴ ചുമത്തുമെന്നും സി.പി.എ വ്യക്തമാക്കി. വിപണിയിലെ കൃത്രിമ വിലക്കയറ്റത്തിനെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.



