അനാവശ്യ പ്രമോഷണല്‍ കോളുകളും മെസ്സേജുകളും ഇനി വേണ്ട;
അനാവശ്യ പ്രമോഷണല്‍ കോളുകളും മെസ്സേജുകളും ഇനി വേണ്ട; നിയമം ലംഘിച്ചാല്‍ 30,000 റിയാല്‍ വരെ പിഴ, കര്‍ശന ചട്ടങ്ങളുമായി ഒമാൻ

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അനാവശ്യ പ്രമോഷണല്‍ ഫോണ്‍ വിളികള്‍ക്കും സന്ദേശങ്ങള്‍ക്കും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ).
ചട്ടങ്ങള്‍ ലംഘിക്കുന്നവർക്ക് 30,000 ഒമാനി റിയാല്‍ വരെ പിഴ ചുമത്തുമെന്നും, കുറ്റം ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാൻ അധികാരമുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി. പ്രമോഷണല്‍ ആശയവിനിമയ ചട്ടങ്ങള്‍ പാലിക്കാതിരിക്കുക, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുക, വ്യാജ സന്ദേശങ്ങള്‍ തടയാൻ സംവിധാനങ്ങള്‍ ഒരുക്കാതിരിക്കുക, മൂല്യവർധിത ടെലികോം സേവനങ്ങളിലെ ചട്ടലംഘനങ്ങള്‍ എന്നിവയെല്ലാം കടുത്ത ലംഘനങ്ങളായി കണക്കാക്കും.
പുതിയ നിർദേശങ്ങള്‍ പ്രകാരം, ടെലികോം കമ്പനികളും പ്രാദേശിക സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ സ്ഥാപനത്തിന്റെ യഥാർത്ഥ വ്യാപാരനാമം ഫോണ്‍ സ്ക്രീനില്‍ വ്യക്തമായി കാണിക്കണം. നിശ്ചയിച്ചിട്ടുള്ള വിശ്രമ സമയങ്ങളില്‍ പ്രമോഷണല്‍ കോളുകളോ സന്ദേശങ്ങളോ അയക്കാനും പാടില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും അനുവാദമില്ലാതെ മൂന്നാം കക്ഷികള്‍ക്ക് കൈമാറാതിരിക്കാനും ടെലികോം ഓപ്പറേറ്റർമാർ ബാധ്യസ്ഥരാണ്. കരാർ ആവശ്യങ്ങള്‍ക്ക് മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കാവൂ എന്നും പരാതി ഉയർന്നാല്‍ ബന്ധപ്പെട്ട സേവനം ഉടൻ നിർത്തിവയ്ക്കണമെന്നും ചട്ടം അനുശാസിക്കുന്നു.
വിദേശത്തുനിന്ന് ഒമാനിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങള്‍ തടയാൻ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കേണ്ടതും വിദേശ ഇടനിലക്കാരുമായുള്ള കരാറുകളില്‍ സുരക്ഷാ നിബന്ധനകള്‍ ഉള്‍പ്പെടുത്തേണ്ടതും ഓപ്പറേറ്റർമാരുടെ ചുമതലയാണ്. അനാവശ്യ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനൊപ്പം ടെലികോം സേവനങ്ങളുടെ ദുരുപയോഗം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



