
മസ്കറ്റ്: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഒമാൻ എൻവയോൺമെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ മസ്കറ്റ് അസൈബ ബീച്ചിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 6 മുതൽ 8 വരെ നടന്ന പരിപാടിയിൽ സന്നദ്ധപ്രവർത്തകർ പങ്കാളികളായി.

കടൽത്തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമുദ്രജീവികൾക്കും പരിസ്ഥിതിക്കും ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു.

ഡബ്ല്യുഎംഎഫ് ഒമാൻ എൻവയോൺമെന്റ് ഫോറം കോർഡിനേറ്റർ കൃഷ്ണവേണി പ്രവീൺ സ്വാഗതം ആശംസിച്ചു. നാഷണൽ പ്രസിഡന്റ് ജോർജ് പി. രാജൻ ഉദ്ഘാടന പ്രസംഗം നടത്തി. നാഷണൽ ട്രഷറർ ജയാനന്ദൻ നന്ദി പ്രകാശിപ്പിച്ചു.
നാഷണൽ സെക്രട്ടറി അർച്ചന വിജയകുമാർ, പ്രവീൺ മാധവൻ, തംജിത്ത്, അനിൽ വർഗീസ്, മൊഹ്സിൻ, ഷിബിൻ, യജിഷ ഷിബിൻ, മീഡിയ കോർഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ, എൻവോ കമാൻഡോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സൽസബീൽ, നിസ്സാർക്ക തട്ടുകട, സുഹൂൽ അൽ ഫൈഹ, ഗ്രീൻ വാട്ടർ ട്രീറ്റ്മെന്റ് സൊല്യൂഷൻസ് എന്നിവർ പരിപാടിക്ക് സ്പോൺസർഷിപ്പ് നൽകി. സന്നദ്ധപ്രവർത്തകർക്കുള്ള ടി-ഷർട്ടുകൾ സ്പോൺസർ ചെയ്ത മസ്കറ്റ് സ്റ്റേറ്റ് ട്രഷറർ റോണിക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ച സന്നദ്ധപ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും കടൽത്തീരങ്ങളുടെ ശുചിത്വം നിലനിർത്തുന്നതിനും ഇത്തരം സംരംഭങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.



